Tuesday 20 July 2010

ഹിന്ദുത്വ ഭീകരർക്ക് ഇസ്രായേൽ സഹായം :മാധ്യമം വാർത്ത

ന്യൂദല്‍ഹി: ഇന്ത്യയില്‍ ഭീകരപ്രവര്‍ത്തനത്തിന് ഹിന്ദുത്വ ഭീകരര്‍ക്ക് അന്തര്‍ദേശീയ സഹായം ലഭിച്ചതായി സി.ബി.വൃത്തങ്ങള്‍ വെളിപ്പെടുത്തി. ഇസ്രായേലില്‍ നിന്നും നേപ്പാളില്‍ നിന്നും ചില അന്തര്‍ദേശീയ ഇസ്‌ലാം വിരുദ്ധ തീവ്രവാദ ഗ്രൂപ്പുകളില്‍ നിന്നുമാണ് ഈ സഹായങ്ങള്‍ ലഭിച്ചെതന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

മാലേഗാവ് സ്‌ഫോടനക്കേസില്‍ ജയിലില്‍ കഴിയുന്ന ദയാനന്ദ് പാണ്ഡെയുടെ ലാപ്‌ടോപില്‍ നിന്നാണ് ഇത് സംബന്ധിച്ച സൂചനകള്‍ ലഭിച്ചതെന്നും അവര്‍ പറഞ്ഞു.
അഭിനവ് ഭാരതിന്റെ പേരിലാണ് ഹിന്ദുത്വ ഭീകരവാദികള്‍ ഇസ്രായേലിലെയും നേപ്പാളിലെയും ചില ഗ്രൂപ്പുകളുമായും നേതാക്കളുമായും ഇന്ത്യയില്‍ ഭീകരപ്രവര്‍ത്തനത്തിന് സഹായം തേടി ചര്‍ച്ച നടത്തിയത്. ഇന്ത്യയെ ശുദ്ധ ഹിന്ദു രാഷ്ട്രമാക്കുകയായിരുന്നു ഇവരുടെ ലക്ഷ്യമെന്ന് സി.ബി.ഐ വൃത്തങ്ങള്‍ പറഞ്ഞു.

മാലേഗാവ് സ്‌ഫോടനത്തിന്റെ സൂത്രധാരനും ഇന്ത്യന്‍ സേനയിലെ മുതിര്‍ന്ന സൈനിക ഓഫിസറുമായിരുന്ന ലഫ്റ്റനന്റ് കേണല്‍ ശ്രീകാന്ത് പ്രസാദ് പുരോഹിതിന്റെ ശബ്ദരേഖയില്‍ നിന്നാണ് 'അഭിനവ് ഭാരത്' പ്രവര്‍ത്തകര്‍ക്ക് പരിശീലനം നല്‍കാനും അഭയം നല്‍കാനും നേപ്പാളിലെ ജ്ഞാനേന്ദ്ര രാജാവുമായി സംസാരിക്കാന്‍ തീരുമാനിച്ച കാര്യം വെളിച്ചത്തായത്.

അതിന് ശേഷം ദയാനന്ദ പാണ്ഡെ മറ്റൊരു ബ്രിട്ടീഷ് വനിതയുടെ സേവനം ഭീകരപ്രവര്‍ത്തനത്തിന് ഉപയോഗിക്കാമെന്ന് പറഞ്ഞു. ഐക്യരാഷ്ട്രസഭയില്‍ സെക്രട്ടറി റാങ്കില്‍ പ്രവര്‍ത്തിക്കുന്ന ഇവര്‍ ഐക്യരാഷ്ട്രസഭയില്‍ 'വിപ്രവാസ ഹിന്ദു സര്‍ക്കാര്‍' എന്ന പേരില്‍ രജിസ്‌ട്രേഷന്‍ നടത്താന്‍ സഹായിക്കുമെന്നാണ് പാണ്ഡെ പറഞ്ഞത്.

ദല്‍ഹി ഹിന്ദു മഹാസഭ മുഖ്യന്‍ അയോധ്യ പ്രസാദ് ത്രിപാഠിയുടെ ശബ്ദരേഖയില്‍ നിന്ന് ഹിന്ദുത്വ ഭീകരരെ സഹായിച്ച ബ്രിട്ടന്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഒരു ഇസ്‌ലാം വിരുദ്ധ ഗ്രൂപ്പിനെക്കുറിച്ചുള്ള വിവരവും സി.ബി.ഐക്ക് കിട്ടി. ഇംഗ്ലണ്ടിലെ സ്‌റ്റെഫാന്‍ ഗോസുമായി തങ്ങള്‍ നിരന്തര ബന്ധത്തിലായിരുന്നുവെന്ന് ഈ ശബ്ദരേഖയിലുണ്ട്. ത്രിപാഠിയുടെ ഈ വാക്കുകള്‍ ലാപ്‌ടോപില്‍ വളരെ വ്യക്തമാണെന്ന് സി.ബി.ഐ ഉദ്യോഗസ്ഥര്‍ പറഞ്ഞു. 'ഹൈദരാബാദിലെ മക്കാ മസ്ജിദിലും മറ്റുപള്ളികളിലും നടന്നുകൊണ്ടിരിക്കുന്നതിന് പിന്നില്‍ ഐ.എസ്.ഐയല്ല. ഇതിലെല്ലാം ഉള്‍പ്പെട്ടിട്ടുള്ളത് നമ്മുടെ ആള്‍ക്കാരാണ്' എന്ന് സൈന്യത്തില്‍ നിന്ന് മേജറായി വിരമിച്ച് ബി.ജെ.പി മഹാരാഷ്ട്ര എക്‌സ് സര്‍വീസ് സെല്‍ കണ്‍വീനറായി മാറിയ മേജര്‍ രമേശ് ഉപാധ്യായയുടെ ശബ്ദരേഖയും ലാപ്‌ടോപിലുണ്ട്.
ബി.ജെ.പി നേതാവായ ഇദ്ദേഹം ഇപ്പോള്‍ മാലേഗാവ് സ്‌ഫോടനക്കേസിലെ പ്രതിയാണ്. ദയാനന്ദ പാണ്ഡെയുടെ ലാപ്‌ടോപ് മുംബൈ ആക്രമണത്തിനിടയില്‍ ദുരൂഹ സാഹചര്യത്തില്‍ കൊല്ലപ്പെട്ട ഹേമന്ത് കര്‍ക്കരെക്കാണ് ആദ്യം ലഭിച്ചതെന്ന് സി.ബി.ഐ സ്ഥിരീകരിച്ചു. ലാപ്‌ടോപ് വഴി ഈ വിവരങ്ങള്‍ കിട്ടിയ ഹേമന്ത് കര്‍ക്കരെ ഹിന്ദുത്വ ഭീകര ശൃംഖലയെക്കുറിച്ചുള്ള അന്വേഷണം കൂടുതല്‍ കേന്ദ്രങ്ങളിലേക്ക് നീക്കുന്നതിനിടെയാണ് മുംബൈ ആക്രമണം നടക്കുന്നതും കൊല്ലപ്പെടുന്നതും. മുംബൈ ആക്രമണത്തിന് മുമ്പ് ദിവസങ്ങളോളം നരിമാന്‍ ഹൗസില്‍ ചില ഇസ്രായേലി പൗരന്‍മാര്‍ രഹസ്യമായി തമ്പടിച്ചിരുന്നതായി സാക്ഷിമൊഴിയുണ്ടായിരുന്നുവെങ്കിലും പിന്നീട് അന്വേഷണത്തില്‍ നിന്ന് ബോധപൂര്‍വം ഈ വിവരങ്ങള്‍ മാറ്റിനിര്‍ത്തിയതായി മനുഷ്യാവകാശ ഗ്രൂപ്പുകള്‍ ആരോപിച്ചിരുന്നു.

ഹസനുല്‍ ബന്ന മാധ്യമം 19/7/2010

No comments: