Sunday 4 July 2010

അധ്യാപകനെ വെട്ടിയ സംഭവം നിക്രഷ്ഠം ജമാഅത്തെ ഇസ്ലാമി

തിരുവനന്തപുരം: തൊടുപുഴ ന്യൂമാന്‍സ് കോളെജ് അധ്യാപകന്‍ ടി.ജെ.ജോസഫിനെ ആക്രമിച്ച സംഭവത്തില്‍ കുറ്റക്കാരെ മാതൃകാപരമായി ശിക്ഷിക്കണമെന്നു ജമാഅത്തെ ഇസ്‌ലാമി. അക്രമം അങ്ങേയറ്റം നികൃഷ്ടവും അപലപനീയവുമാണെന്നു ജമാഅത്തെ ഇസ്‌ലാമി കേരളാ അസിസ്റ്റന്റ് അമീര്‍ ശൈഖ് മുഹമ്മദ് കാരക്കുന്ന് പത്ര സമ്മേളനത്തില്‍ പറഞ്ഞു. കേരളത്തിലെ മതസൗഹാര്‍ദ്ദം തകര്‍ക്കണമെന്നു ആഗ്രഹിക്കുന്ന ഗൂഢശക്തികളാണു അക്രമത്തിനു പിന്നില്‍. സംഭവത്തിന് ഉത്തരവാദികളായ മുഴുവന്‍പേരെയും എത്രയും പെട്ടെന്നു പിടികൂടി മാതൃകാപരമായി ശിക്ഷിക്കണം. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ ഉണര്‍ന്നു പ്രവര്‍ത്തിക്കണം. മത സമൂഹങ്ങള്‍ക്കിടയില്‍ സ്പര്‍ധ വളര്‍ത്തുന്ന ശക്തികള്‍ ആരായാലും അവരെ തിരിച്ചറിയാനും ഒറ്റപ്പെടുത്താനും ജനങ്ങള്‍ ഒന്നിച്ചു അണിനിരക്കണം. ന്യൂമാന്‍സ് കോളെജിലെ ചോദ്യപേപ്പര്‍ വിവാദത്തില്‍ സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ തൃപ്തികരമാണ്. സാധ്യമായ നിയമ നടപടികള്‍ സര്‍ക്കാര്‍ സ്വീകരിച്ചിരുന്നു. ജനാധിപത്യ സംവിധാനമുള്ള ഇന്ത്യയില്‍ മറ്റുശക്തികളെ നിയമം നടപ്പാക്കാന്‍ അനുവദിക്കരുത്. ഏതെങ്കിലും വ്യക്തികളോ സംഘടനകളോ നിയമം നടപ്പാക്കുന്നതു ശരിയല്ലെന്നും കാരക്കുന്ന് പറഞ്ഞു.

No comments: