കുറിപ്പുകൾ

 

  
 

                        കേരള നാട്ടില്‍ വിളയും അന്ധവിശ്വാസം

സാക്ഷര കേരളം, പ്രബുദ്ധ കേരളം എന്നീ വിശേഷണങ്ങളുള്ള കേരള നാട്ടില്‍ അന്ധവിശ്വാസം തഴച്ചു വളരുകയാണെന്നാണ് സമീപകാല സംഭവങ്ങള്‍ നമ്മോട് പറയുന്നത്.
അന്യ സംസ്ഥാനക്കാര്‍ അന്ധവിശ്വാസ വിപണനത്തിന് കേരളത്തെയാണ് തെരഞ്ഞെടുത്തിരിക്കുന്നത്. പ്രബുദ്ധരായ കേരളക്കാരെ പറ്റിച്ച് അന്യ സംസ്ഥാനക്കാര്‍ കോടികള്‍ നേടുന്നു. പെട്ടെന്ന് പണക്കാരനാകാനുള്ള യന്ത്രത്തിന്റെ പേര് എന്താണ് എന്ന് ചോദിച്ചാല്‍ ടി.വി കാണുന്ന കേരളീയ കുടുംബത്തിലെ ഓരോ അംഗവും വളരെ വേഗത്തില്‍ ഉത്തരം നല്‍കും കുബേര്‍ കുഞ്ചിയെന്ന്. കാരണം ചാനലുകാരും പത്രക്കാരും മലയാളിക്ക് പരിചയമില്ലാത്ത കുബേര്‍ കുഞ്ചി എന്ന വാക്ക് പരസ്യത്തിലൂടെ പഠിപ്പിച്ചു.
കുബേര്‍ കുഞ്ചി എന്ന 3375 രൂപ വിലയുള്ള ധനാകര്‍ഷണ യന്ത്രം വാങ്ങിയാല്‍ 45 ദിവസത്തിനകം ധനവാനാകാമെന്ന് പ്രബുദ്ധരായ കേരളീയരെ പറഞ്ഞു പറ്റിച്ചത് നമ്മുടെ ചാനലുകാരും പത്രക്കാരുമാണ്. കുബേര്‍ കുഞ്ചി ഫ്രാഞ്ചൈസി എന്ന തട്ടിപ്പു സംഘം കോടികളാണ് അന്ധവിശ്വാസ യന്ത്രം വിറ്റ് നേടിയത്. അതിന്റെ പരസ്യത്തിലൂടെ ചാനലുകാരും പത്രക്കാരും വന്‍ തുക പോക്കറ്റിലാക്കി. പരസ്യത്തില്‍ ആകൃഷ്ടരായി ധനാകര്‍ഷണ യന്ത്രം വാങ്ങിയവര്‍ വഞ്ചിതരാവുകയും ചെയ്തു. വായനക്കാരുടെയും പ്രേക്ഷകരുടെയും നന്മ ലക്ഷ്യമിടുന്ന പത്രങ്ങളും ചാനലുകളും ഒരിക്കലും അന്ധവിശ്വാസം പ്രചരിപ്പിക്കുന്ന ഇത്തരം തട്ടിപ്പ് പരസ്യങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കാന്‍ സന്നദ്ധരാവുകയില്ല.
പുരോഗമനാശയക്കാരായി സമൂഹത്തില്‍ അറിയപ്പെടുന്നവര്‍ നടത്തുന്ന പത്രങ്ങളും ചാനലുകളും അത്ഭുത ഏലസ്സിന്റെയും കുട്ടിച്ചാത്തന്‍ സേവാ മഠത്തിന്റെയും പരസ്യം നല്‍കി ജനങ്ങളെ അന്ധവിശ്വാസത്തിലേക്ക് മാടിവിളിക്കുകയാണ്.


അബ്ദുല്‍ ഖാദിര്‍ നായരങ്ങാടി    ഗൾഫ് മാധ്യമം പ്രവാസി വിചാര വേദി