Thursday 24 March 2011

ഒരു തൊപ്പിയുടെ തെരഞ്ഞെടുപ്പ് സ്മരണകൾ


ഞാൻ തൊപ്പി ജാതി മത വ്യത്യാസമില്ലാതെ മനുഷ്യരുടെ ശിരസ്സിൽ കയറി ഇരിക്കാൻ ഭാഗ്യം കിട്ടിയവൻ. മത പണ്ഡിതൻമാർ, രാഷ്ട്രീയ നേതാക്കൾ, സാധാരണക്കാർ തുടങ്ങി എല്ലാവരും എന്നെ ശിരസ്സിൽ കയറ്റിവെച്ച് ആദരിക്കുന്നു. കാര്യങ്ങൾ ഇങ്ങനെയാണെങ്കിലും തൊപ്പിയായ എനിക്കും നൊമ്പരപ്പെടുത്തുന്ന അനുഭവമുണ്ട്  ആ നൊമ്പരപ്പെടുത്തുന്ന സ്മരണ തെരഞ്ഞെടുപ്പ് അടുത്തതോടെ എന്റെ സ്മ്രതിയിൽ കിടന്ന് തിളച്ചു മറിയുകയാണ്. 1994  മെയ് മാസത്തിലാണ് ആ വേദനിപ്പിക്കുന്ന ആ സംഭവം ഉണ്ടായത്. ഫാഷിസ്റ്റ് ശക്തികൾ ബാബരി മസ്ജിദ് തല്ലിതകർത്തതിനെ തുടർന്ന്  മുസ്ലീം ലീഗ് അഖിലേന്ത്യാ അധ്യക്ഷൻ മർഹും ഇബ്രാഹീം സുലൈമാൻ സേട്ട്  ലീഗ് കോൺഗ്രസുമായുള്ള ബന്ധം വിഛേദിക്കണമെന്ന് ആവശ്യപ്പെട്ടു സേട്ടു സാഹിബിന്റെ ആവശ്യം അംഗീകരിക്കാൻ ലീഗിലെ ഇതര നേതാക്കൾ തയ്യാറായില്ല അതിനെ തുടർന്നാണ് സേട്ട് സാഹിബ് ലീഗ് വിട്ടത്. ഗുരൂവായൂർ നിയോജമണ്ഡലത്തിലെ എം.എൽ.എ ആയിരുന്ന മർഹും പി.എം.അബൂബക്കറും സേട്ടിനോടെപ്പം ചേർന്നു ലീഗ് വിടുകയും എം.എൽ.എ സ്ഥാനം രാജിവെക്കുകയും ചെയ്തു അങ്ങിനെയാണ് ഗുരുവായൂർ നിയോജക മണ്ഡലത്തിൽ 1994-ൽ ഉപതെരഞ്ഞെടുപ്പ് ഉണ്ടായത്.  സ്ഥാനാർത്ഥികളായി രണ്ട് പ്രശസ്തർ രംഗത്തു വന്നു. വലത് ഭാഗത്ത് പ്രാസംഗികനും ബഹുഭാഷാപണ്ഡിതനുമായ മാന്യദേഹം,ഇടത് ഭാഗത്ത് സിനിമാ രംഗത്ത് അറിയപെടുന്ന പ്രമുഖൻ. തൊപ്പിയും താടിയുമുള്ള പ്രാസംഗികനായ മുസ്ലീം പണ്ഡിതനായ ഐക്യമുന്നണി സ്ഥാനാർത്ഥി അമുസ്ലീം വോട്ടുകൾക്ക് വേണ്ടി വർഷങ്ങളായി തന്റെ ശരീരത്തിൽ നിലനിന്നിരുന്ന  തൊപ്പിയും താടിയും ഒരു വിഷമവും ഇല്ലാതെ ഒഴിവാക്കി വർഷങ്ങളായി ബഹുഭാഷാ പണ്ഡിതനായ അദേഹത്തിന്റെ ശിരസ്സിൽ ഒരു അലങ്കാരമായും സംരക്ഷകനായും കഴിഞ്ഞുകൂടിയ എന്നെ അദേഹം ഒരു നാൾ നാല് വോട്ടുൾക്ക് വേണ്ടി ശിരസ്സിൽ നിന്നും അടർത്തി മാറ്റിയപ്പോൾ എനിക്ക് അതിയായ ദുഃഖം തോന്നി മഹ്ബൂബെ മില്ലത്തിന്റെ പ്രസംഗം പരിഭാക്ഷപ്പെടുത്തുമ്പോൾ വാക്കുകളുടെ ഗാംഭീര്യം നിമിത്തം അദേഹത്തിന്റെ മസ്തിഷ്ക്കം പ്രകമ്പനം കൊള്ളുമ്പോൾ ഞാനും വിറക്കാറുണ്ട്.  1977 ഏപ്രിൽ 25 ന് രൂപീകരിച്ച ഒരു വിദ്യാർത്ഥി സംഘടനയുടെ പ്രവർത്തകനായാണ് അദേഹം അരങ്ങേറ്റം കുറിച്ചത് അതിനാൽ അദേഹം ഒരു യാഥാസ്തികനായ മൊല്ലാക്കയല്ല .ശിർക്കും തൌഹീദും, ഇസ്ലാമിലെ സിയാസിയയുമെല്ലാം മനസ്സിലാക്കിയ ഒരു പണ്ഡിതനാണ് അദേഹം പക്ഷെ അധികാരത്തിന്റെ അപ്പക്കഷണം നുണയുവാനുള്ള ആർത്തി വന്നതോടെ അദേഹം ഒരു കപടനായി മാറുകയായിരുന്നു ഹരിത ഭവനത്തിൽ കയറിയാൽ അധികാരത്തിന്റെ കോണിപടി കയറാമെന്ന് അദേഹം മനസ്സിലാക്കി. എന്നാൽ ഗുരുവായൂരിലെ ജനങ്ങൾ ഈ അവസരവാദ രാഷ്ട്രീയക്കാരനെ കോണികയറാൻ അനുവദിച്ചില്ല. ഗുരുവായൂർ മണ്ഡലത്തിലെ ഇസ്ലാമിക യുവജന-വിദ്യാർത്ഥി പ്രസ്ഥാനത്തിന്റെ പ്രവർത്തകർ തൊപ്പിയൂരിയ, താടിഉപേക്ഷിച്ച ഈ അവസരവാദിയെ തോറ്റ് തൊപ്പിയിടീക്കാനായി സജീവമായി രംഗത്തിറങ്ങി. ഇസ്ലാമിക യുവജന-വിദ്യാർത്ഥി പ്രസ്ഥാനത്തിന്റെ രണ്ട് പ്രചാരണ വണ്ടികൾ ഗുരുവായൂർ മണ്ഡലത്തിൽ ചുറ്റിക്കറങ്ങി വോട്ടർമാരെ ഉൽബുദ്ധരാക്കി. ചെണ്ട കൊട്ടി മതേതരത്വത്തിന്റെ ചെണ്ട മേളം ഗുരുവായൂരീൽ നിന്നും ആരംഭിക്കട്ടെയെന്ന് അവർ ഉൽഘോഷിച്ചു.    അങ്ങിനെയാണ് ഗുരുവായൂരീൽ നിന്നും നമ്മുടെ കഥാപുരുഷൻ തോറ്റ് തൊപ്പിയിട്ട് ദൽഹിയിലേക്ക് വണ്ടികയറിയത്.ഗുരുവായൂർ പേടികാരണം രാജ്യസഭാകൂടാരത്തിൽ ഇഖ്ബാൽ കവിതകളും ചൊല്ലി കുറച്ചു വർഷങ്ങൾ കഴിഞ്ഞുകൂടി.

ഗുരുവായൂരിൽ എതിർ സ്ഥാനാർത്ഥിയുടെ അടയാളമായിരുന്ന ചെണ്ടകാണുമ്പോഴും ശബ്ദം കേൾക്കുമ്പോഴും നമ്മുടെ കഥാ പുരുഷന് ഇപ്പോഴും പേടി തന്നെയാണ്. നീണ്ട വർഷങ്ങൾ ഹരിത ഭവനത്തിൽ നിന്നും അതിഥികളായി എത്തുന്നവരെ നിയമസഭയിലേക്ക് യാതൊരു വിഷമവും കൂടാതെ ആനയിക്കുകയായിരുന്നു ഗുരുവായൂരിലെ വോട്ടർമാർ അതുകൊണ്ട് ഇപ്പോൾ വേങ്ങരയും കോട്ടക്കലും പോലെ ഗുരുവായൂരൂം നമ്മുടെ ഹരിതവർണ്ണ പാർട്ടിക്ക് സുരക്ഷിത മണ്ഡലമായിരുന്നു പക്ഷെ 1994 ഈ ധാരണ മാറ്റി മറിച്ചു ഇപ്പോൾ ആർക്കും ഗുരുവായൂർ വേണ്ട അതിനാൽ ഏതെങ്കിലും ചാവേറിനെയാണ് ഗുരുവായൂരിലേക്ക് പറഞ്ഞയക്കുന്നത് നീണ്ട പതിനേഴ് വർഷങ്ങൾക്ക് ശേഷം തോറ്റ് തൊപ്പിയിട്ടയാൾ 2011-ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ കോട്ടക്കലിൽ നിന്നും മത്സരിക്കാൻ തീരുമാനിച്ചിരിക്കുകയാണ് കോട്ടക്കലിൽ നിന്നും  കോട്ടംകൂടാതെ കോണികയറി നിയമസഭയിൽ എത്താമെന്നാണ് കണക്ക് കൂട്ടൽ. കോട്ടക്കലിൽ നിന്നും കോണികയറിയാൽ ഒരു വിദ്യഭ്യാസ മന്ത്രിയുടെ കുപ്പായം ധരിക്കാനാവും വിധി എന്നാണ് പൊതുവെ പറഞ്ഞുകേൾക്കുന്നത്.ഏതായാലും കാത്തിരുന്ന് കാണാം ഗുരുവായൂർ ആവർത്തിക്കുമോ ? ഇത്രയെല്ലാം വിശദീകരിച്ചതിനാൽ തോറ്റ് തൊപ്പിയിട്ടയാളെ  പേര് പറയാതെ തന്നെ മനസ്സിലായികാണുമെന്ന് കരുതുന്നു.